Travel Story – Cheriyam Island ലക്ഷദ്വീപ് ലെ ഏറ്റവും മനോഹരമായതും ആൾതാമസം ഇല്ലാത്തതും ആയ ദ്വീപുകളിൽ ഒന്നായ ചെറിയം ദ്വീപിന്റെയ് മനോഹാരിത കൽപേനി ദ്വീപ് നിവാസിയും സഞ്ചാരിയുമായ ഇർഫാൻ കൽപേനി യുടെ ട്രാവൽ ഡയറി കുറിപ്പിലൂടെ

ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിന്റെ ചുറ്റിലുമുള്ള ആൾതാമാസമില്ലാത്ത അഞ്ച് ദ്വീപുകളിൽ ഏറ്റവും വലിപ്പം കൂടിയതും, കൂട്ടത്തിൽ ഒരല്പം ദൂരെ മാറിക്കിടക്കുന്നതുമായ ദ്വീപാണ് “ചെറിയം ദ്വീപ്”, അങ്ങോട്ട് പലപ്പോഴും യാത്ര ചെയ്തിട്ടുള്ളതാണെങ്കിലും ഇപ്പ്രാവശ്യത്തെ ട്രിപ്പ് ഇവിടെ കുറിച്ചിടണമെന്നു തോന്നി.

Cheriyam Island

ഈ ദ്വീപിന്റെ പ്രത്യേകത എന്നു പറയുന്നത്, ഇവിടെ ആൾത്താമസമില്ല, അതുകൊണ്ട് തന്നെ ഇവിടെ കരണ്ടില്ല, റോഡില്ല, മറ്റു കെട്ടിടങ്ങളോ ജെട്ടിയോ ഒന്നുമില്ല, പക്കാ നാച്ചുറൽ. പണ്ടൊക്കെ ഇവിടെ ഒരുപാട് പേർ താമസിച്ചിരുന്നതാണ്. മീൻപിടിച്ചും, കൊപ്രയുണ്ടാക്കിയും മാസങ്ങളോളം ഇവിടെത്തന്നെ കഴിയാറുണ്ടായിരുന്നു അവർ. പിന്നെ സൗകര്യങ്ങൾ വന്നതോടെ എല്ലാവരും അതിന്റെ പിറകെ പോയിതുടങ്ങി, പ്രകൃതിയെ നാം മറന്നു, അതുപോലെ പ്രകൃതി നമ്മളെയും. സൗകര്യങ്ങൾ കൂടിയതോടെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന കാലത്തില്ലാത്ത കുറെ രോഗങ്ങളുടെ പേരും കൂടി നമുക്ക് പടിക്കേണ്ടി വന്നു

അന്ന് പലരും ജീവിച്ചിരുന്നതിന്റെയൊക്കെ അവശിഷ്ടങ്ങളെന്നോണം കുറെ ഓലമേഞ്ഞ ഷെഡ്ഡുകൾ ഇപ്പോഴും കാണാം, കൂടുതലും ജീർണ്ണിച്ചത്. ചിലതൊക്കെ വല്ലപ്പോഴും ഉടമസ്ഥർ വന്ന് നോക്കാറുള്ളത് കോണ്ട് അവയൊക്കെ ഇപ്പൊ ഓടൊക്കെ മേഞ്ഞ് ഒരല്പം ഗമയോടെ തലയുയർത്തി നിൽപ്പാണ്.


പ്രധാനമായും രണ്ട് വഴികളാണ് ചെറിയം ദ്വീപിൽ എത്തിപ്പെടാനുള്ളത്, ഒന്ന് കടൽവഴിയും, മറ്റൊന്ന് വേലിയിറക്ക സമയത്ത്‌ റീഫിലൂടെ നടന്നുമാണ്. പിന്നെ അവിടെ ഒരു ഹെലിപ്പാട് ഉണ്ടെങ്കിലും എനിക്കോർമയുള്ളകാലം മുതൽ അവിടെ ഹെലികോപ്ടറുകളൊന്നും ലാൻഡ് ചെയ്തിട്ടില്ലെന്നാണ് എന്റെ ഓർമ.


ഈ പറഞ്ഞു വന്നതൊക്കെ ചരിത്രത്തിന്റെ വഴി, ഇനി കുറച്ച് ഞങ്ങളുടെ വഴിയേ പോവാം. 


വൈകീട്ട് പ്ലാൻ ചെയ്തത് പോലെ ഞാനും, നെഹാസും ഞങ്ങടെ ചങ്ക് റഹ്മത്തുള്ളയും അവന്റെ ചെറുതോണിയിൽ രാത്രി 12 മണിക്ക് ചെറിയം ദ്വീപ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, 45 മിനിറ്റോളം തിരമാലകളെ കീറിമുറിച്ചപ്പോഴേക്കും ചെറിയം ദ്വീപിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഞങ്ങൾ എത്തിപ്പെട്ടിരുന്നു.

മീൻ പിടിക്കാനുപയോഗിക്കുന്ന ഒരുതരം നീളമേറിയ വല (ഏകദേശം 110 മീറ്റർ) കരയിൽ നിന്നും കുറച്ചകലെ കടലിൽ വിരിച്ചിട്ട് ഞങ്ങൾ കരയോടടുത്തു. ഞങ്ങളുടെ സാധനസാമഗ്രികളെല്ലാം കയ്യിലെടുത്ത് ചെറുതോണിയും കടൽക്കരയിൽ നങ്കൂരമിട്ട്, തൊട്ടടുത്ത് പഞ്ചാരമണലിൽ സ്ഥാനം പിടിച്ചു.അവിടെത്തന്നെ ടെന്റും സെറ്റാക്കി, ഓരോ കട്ടൻ ചായയും കുടിച്ച്, ചൂണ്ടയിടാൻ വേണ്ടി കടൽക്കരയിലിറങ്ങി.

പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് ഞങ്ങൾക്ക് ചുട്ട് തിന്നാനുള്ള മീൻ കിട്ടി, അതും കൊണ്ട് വന്ന് ടെന്റിന്റെ അടുത്ത് കൂട്ടിയിരുന്ന തീയിലിട്ട് പച്ചക്ക് ചുട്ടെടുത്ത് അതിന്റൊപ്പം പൊളിച്ചെടുത്ത കരിക്കും കൂട്ടി ഒരു പിടി പിടിച്ചു. ആഹഹാ ഇതെഴുതുമ്പോഴും അതിന്റെ രുചി വായീന്ന് പോയിട്ടില്ല. ‘മസാലയൊന്നുമിടാതെ തീയിൽ ചുട്ടെടുത്ത മീനും, അധികം മൂപ്പില്ലാത്ത കരിക്കും ഒടുക്കത്തെ കോമ്പിയാണ്’
ഈ കലാപരിപാടിയൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴേക്കും സമയം വെളുപ്പിന് മൂന്നര മണിയായി. കടൽക്കരയിൽ നിന്നും കഷ്ടിച്ച് അഞ്ച് മീറ്റർ ദൂരമേ ടെന്റ് നിൽക്കുന്ന സ്ഥലത്തേക്ക് ദൂരമുള്ളൂ, അതുകൊണ്ട്തന്നെ കടലിന്റെ സംഗീതം നന്നായി കേൾക്കാം, ഒപ്പം സ്പീക്കറിലെ ഹിന്ദിപ്പാട്ടും കേട്ട് ഉറക്ക് പിടിച്ച്‌ വരികയായിരുന്നൂ, അപ്പോഴാണ് റഹ്മത്തുള്ള വിളിച്ചുണർത്തിയത്. നോക്കിയപ്പോ സമയം ആറരയായി, നേരം വെളുത്തു തുടങ്ങി. 

“ഏഴ് മണിയാവുമ്പോഴേക്ക് വലയെടുക്കണം ഇല്ലെങ്കിൽ രാത്രി വലയിൽ കുടുങ്ങിയ മീനൊക്കെ ചീത്തയായിപ്പോവും” റഹ്മത്തുള്ളയുടെ വാക്കുകൾ കേട്ടതോടെ മടിയോടെ ഞാൻ എണീറ്റു, നെഹാസിനെയും വിളിച്ചുണർത്തി. ചായയും കുടിച്ച്, ടെന്റും മടക്കി തോണിയിൽ കയറി തുഴഞ്ഞ് വലയുടെ അടുത്തെത്തി. വലയെടുത്ത് നോക്കിയപ്പോൾ നല്ലൊരു ദിവസത്തിന്റെ തുടക്കമായിരുന്നു അത്, ഒരു കുട്ട നിറയെ മീനുമായി ഞങ്ങൾ മൂന്നുപേരും കൽപ്പേനി ദ്വീപ് ലക്ഷ്യമാക്കി നീങ്ങി.

NB: എഴുത്തിലെ കുറവുകൾ ക്ഷമിക്കുക, ഒപ്പം അഭിപ്രായങ്ങൾ തുറന്നെഴുത്തുക.

നന്ദിയോടെ – ഇർഫാൻ കൽപ്പേനി

Author: Irfan Kalpeni
Did you Like this,Please share
 • 25
 •  
 • 45
 •  
 •  
 •  
 •  
 •  
 •  
 •  
 •  
  70
  Shares

Related posts

Leave a Comment